Sign In

HopeNow Blog

Latest Posts
മാതാപിതാക്കളുടെ പെരുമാറ്റ രീതി

മാതാപിതാക്കളുടെ പെരുമാറ്റ രീതി

എങ്ങനെ കുട്ടികളെ വളർത്തണമെന്ന് പല മാതാപിതാക്കൾക്കും സംശയമാണ്. മക്കളുടെയൊപ്പം ധാരാളം സമയം ചിലവഴിക്കുന്ന മാതാപിതാക്കളുണ്ട്. എന്നാൽ മക്കളോടൊപ്പമുള്ള സമയം ഫലപ്രദമായ രീതിയിൽ ഉപയോഗിക്കുന്നതിലാണ് കാര്യം. എല്ലാ മാതാപിതാക്കളും വ്യത്യസ്തമായ രീതിയിലാണ് കുട്ടികളോട് പെരുമാറുന്നത്.
കുട്ടികൾ മാതാപിതാക്കൾ മാത്രം പറയുന്നത് അനുസരിച്ച് ജീവിക്കണമെന്ന ചിന്താഗതിയുള്ള മാതാപിതാക്കളുണ്ട്. കുട്ടികളോട് സ്നേഹമുണ്ടെങ്കിലും അത് പ്രകടിപ്പിക്കാതെ അവരെ അച്ചടക്കത്തിൽ വളർത്താൻ ശ്രമിക്കുന്നവരാണിവർ. മക്കളുടെ ഇഷ്ടങ്ങൾക്കൊന്നും പരിഗണന നൽകാതെ മാതപിതാക്കളുടെ തിരുമാനങ്ങൾ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കുകയാണിവർ ചെയ്യുക. മക്കളുടെ ഭാഗത്ത് നിന്നുള്ള ചെറിയ തെറ്റിന് പോലും ദേഷ്യപ്പെടലും വലിയ ശിക്ഷയും മാതാപിതാക്കളിൽ നിന്ന് അനുഭവിക്കേണ്ടി വരുന്നു. കുട്ടികളുടെ നന്മ കരുതിയാണ് ഇതെല്ലാം ചെയ്യുന്നതെങ്കിലും ഫലം വിപരീതമാണ്. ഇങ്ങനെ വളർത്തുന്ന കുട്ടികൾക്ക് എന്ത് കാര്യം ചെയ്യാനും പേടി തോന്നും. അവർക്ക് അവരായി ഇരിക്കാൻ സാധിക്കുകയില്ല. ആശയ വിനിമയ ശേഷിയും കുറവായിരിക്കും. ഒരു കാര്യത്തിൽ മുൻകൈ എടുക്കാനോ തിരുമാനമെടുക്കാനോ അവർക്ക് സാധിക്കുകയില്ല.
മക്കളെ സ്വതന്ത്ര്യമായി വിടുന്ന മാതാപിതാക്കളുണ്ട്. പട്ടം പോലെ മക്കളെ പറത്തി വിടുകയാണ് ഇവർ ചെയ്യുന്നത്. എന്നാൽ പട്ടത്തിന്റെ ചിരട് എപ്പോഴും മാതാപിതാക്കളുടെ കൈയ്യിലാണ്. ഇങ്ങനെയുള്ള മാതാപിതാക്കൾ എപ്പോഴും കുട്ടികളെ പിന്തുണക്കുകയും പരിഗണിക്കുകയും ആശ്വാസമാവുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ മക്കൾ വളരെ സന്തുഷ്ടരായിരിക്കും. ഇങ്ങനെ വളർത്തുന്ന കുട്ടികൾക്ക് നല്ല രീതിയിൽ മറ്റുള്ളവരോട് പെരുമാറാനും സ്വയം നിയന്ത്രിക്കാനും തിരുമാനങ്ങളെടുക്കാനും ലക്ഷ്യങ്ങളെ സഫലീകരിക്കാനും സാധിക്കും.
മക്കളുടെ കാര്യത്തിലൊന്നും ഇടപ്പെടാത്ത മാതാപിതാക്കളുണ്ട്. അങ്ങനെ വളരുന്ന മക്കൾക്ക് സ്വാതന്ത്ര്യം എങ്ങനെ കൈക്കാര്യം ചെയ്യണമെന്ന് നിശ്‌ച്ചയുണ്ടാവില്ല. മുൻകോപവും പക്വതയില്ലായ്മയും ദുശ്ശീലങ്ങളും ഇവരിൽ കാണാം.
മറ്റൊരു കൂട്ടം മാതാപിതാക്കൾ മക്കളുടെ കാര്യത്തിൽ ധാരാളം ഇടപ്പെടുമെങ്കിലും അവരെ നിയന്ത്രിക്കുകയില്ല. തെറ്റ് ചെയ്താൽ പോലും മാതാപിതാക്കൾ കുട്ടികളെ തിരുത്തുകയില്ല. ഇങ്ങനെ വളർത്തുന്ന കുട്ടികൾക്ക് മറ്റുള്ളവരെ ബഹുമാനിക്കാനും നല്ല രീതിയിൽ പെരുമാറാനും സ്വയം നിയന്ത്രിക്കാനും സാധിക്കുകയില്ല. ആധിപത്യം സ്ഥാപിക്കുന്ന സ്വഭാവക്കാരായി അവർ മാറും.
കുട്ടികളോടുള്ള മാതാപിതാക്കളുടെ പെരുമാറ്റം എന്ത് ഫലമാണ് അവരിൽ ഉണ്ടാക്കുന്നതെന്ന് മേൽ പറഞ്ഞവയിൽ നിന്ന് വ്യക്തമാണ്. ഒരു കുട്ടിയുടെ ആദ്യത്തെ ഗുരു മാതാപിതാക്കളാണ്. അത് കൊണ്ട് തന്നെ മാതാപിതാക്കൾ വിചാരിച്ചാൽ സൽസ്വഭാവമുള്ള തലമുറയെ സൃഷ്ടിക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *